ഒൗഷധ കഞ്ഞി തയാറാക്കുന്ന രണ്ട് രീതികള്‍:-
1. ചേരുവകള്‍:
- കഷായ മരുന്ന് - 2 ടേബ്ള്‍ സ്പൂണ്‍
- പൊടിമരുന്ന് - 1 ടേബ്ള്‍ സ്പൂണ്‍
- നവരയരി (തവിട് കളയാത്തത്)-100 ഗ്രാം
- ഉലുവ - 1 ടീസ് സ്പൂണ്‍ (5 ഗ്രാം)
- ആശാളി -1 ടീസ് സ്പൂണ്‍ (5 ഗ്രാം)
- തേങ്ങാപാല്‍ - 2 ചെറിയ കപ്പ്
- നറുനെയ്യ് - 1 ടീസ്പൂണ്‍
- ചുവന്നുള്ളി - രണ്ട് കക്ഷണം (അരിഞ്ഞത്)
- വെള്ളം - 1.5 ലിറ്റര്‍
പാകം ചെയ്യേണ്ടവിധം:
മണ്കലത്തില് വെള്ളമൊഴിച്ച് കഷായമരുന്നും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിന്‍െറ തെളി ഊറ്റിയെടുത്ത് (അരിച്ചെടുത്ത്) അതില്‍ 100 ഗ്രാം (10 ടേബ്ള്‍ സ്പൂണ്‍) നവരയരിയും ഒപ്പം ഉലുവയും ആശാളിയും ചേര്‍ത്ത് അടച്ചുവെച്ച് നന്നായി വേവിക്കുക. ശേഷം പൊടി മരുന്നും തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞി നന്നായി വേവിച്ച് പാകമാവുമ്പോള്‍ ഇറക്കിവെച്ച് 10 മിനിറ്റ് തണുപ്പിക്കുക. നാലു പേര്‍ക്ക് കഴിക്കാനുള്ള ഒൗഷധ കഞ്ഞി റെഡിയായി.
(ശരീരത്തില്‍ കൊളസ്ട്രോളിന്‍െറ അളവ് കൂടുതല്‍ ഉള്ളവര്‍ നറുനെയ്യ് ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിക്കുക. മഴക്കാലത്ത് ദിവസം രണ്ട് നേരമോ കര്‍ക്കിടക മാസം മുഴുവനോ കഞ്ഞി കഴിക്കുന്നത് നല്ലതാണ്.)
2. ചേരുവകള്‍:
- നവരയരി - അര കപ്പ്
- പച്ചമരുന്ന് ചൂര്‍ണം - 1.5 ടീസ്പൂണ്‍
- ഉലുവ - അര ടേബ്ള്‍ സ്പൂണ്‍
- ആശാളി - അര ടേബ്ള്‍ സ്പൂണ്‍
- പൊടിമരുന്ന് - 1 ടീസ്പൂണ്‍
- തേങ്ങാ - അര കപ്പ് (വെള്ളം ചേര്‍ത്ത് നന്നായി അരച്ചത്)
- ഉപ്പ് ആവശ്യത്തിന്
- വെള്ളം - 1 ലിറ്റര്‍
പാകം ചെയ്യേണ്ടവിധം:
ഒരു ലിറ്റര്‍ വെള്ളത്തില്‍ പച്ചമരുന്ന് ചൂര്‍ണം നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക. പ്രഷര്‍ കുക്കറില്‍ അരിച്ചെടുത്ത വെള്ളവും നവരയരിയും ഉലുവയും ആശാളിയും ചേര്‍ത്ത് രണ്ട് വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക. കുക്കറിലെ വായു/എയര്‍ പൂര്‍ണമായി പോകുന്നതിന് അല്പ സമയം തീ അണച്ചുവെക്കുക. ശേഷം രണ്ട് തവണ കൂടി ഇത് ആവര്‍ത്തിക്കുക. തുടര്‍ന്ന് അരച്ച തേങ്ങയും പൊടിമരുന്നും അല്പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.
(ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഞ്ഞിയില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. ശര്‍ക്കര ചേര്‍ത്താല്‍ പ്രഭാത ഭക്ഷണമായും ഒൗഷധ കഞ്ഞി ഉപയോഗിക്കാം. അത്താഴത്തിന് പകരമായി ഒന്നോ രണ്ടോ ആഴ്ച മരുന്നുകഞ്ഞി സേവിക്കുക. ഈ കാലയളവില്‍ മത്സ്യ, മാംസാഹരങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.)
തയാറാക്കിയത്: പി.എ.എം റസിലി