ആവശ്യമായ സാധനങ്ങള്‍:
- ചിക്കന്‍ - ബോണ്‍ലെസ്സ് 4 ഇടത്തരം കഷ്ണങ്ങള്‍ (വെജ് ഫ്രാങ്കിയാണ് ആവശ്യമെങ്കില്‍ പനീര്‍ ഉപയോഗിക്കാം)
- സവാള - 3 എണ്ണം
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷണം
- വെളുത്തുള്ളി - 25 എണ്ണം
- കാപ്‌സികം - ഒന്നിന്റെ പകുതി
- കാരറ്റ് - 1 എണ്ണം
- ഉരുളക്കിഴങ്ങ് -1 (ഫ്രഞ്ച് ഫ്രൈസിന് എന്ന പോലെ മുറിച്ചത്)
- ശേസ്വാന്‍ ചട്‌നി - 4 ടീസ്പൂണ്‍
- കാശ്മീരി ചില്ലി പൌഡര്‍ - 1 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
- ചീസ് സ്‌പ്രെഡ് - 6 ടേബിള്‍ സ്പൂണ്‍
- ഗാര്‍ലിക് മയോണൈസ് - 4 ടേബിള്‍ സ്പൂണ്‍
- മല്ലിച്ചപ്പ് - ഒരു പിടി
- ഉപ്പ് - ആവശ്യത്തിന്
- മുട്ട - 3 എണ്ണം
- പാല്‍ - 4 ടേബിള്‍ സ്പൂണ്‍
- ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍ + ചിക്കന്‍ പൊരിക്കാന്‍ ആവശ്യത്തിന്
- ബ്രെഡ് - 5 എണ്ണം പൊടിച്ചത്
- ഫോയില്‍ പേപ്പര്‍ / ബട്ടര്‍ പേപ്പര്‍
പൊറാട്ട:
- മൈദ/ ഗോതമ്പ് പൊടി - 2 കപ്പ്
- വെള്ളം - ആവശ്യത്തിന്
- ഓയില്‍ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം :
പൊറാട്ട:
മൈദ/ ഗോതമ്പ് പൊടി ഉപ്പും ആവശ്യത്തിന് ഉപ്പും വെള്ളവും ഓയിലും ചേര്‍ത്ത് പൊറാട്ടയ്ക്ക് കുഴക്കുന്ന പോലെ പാകപ്പെടുത്തുക. അല്പ്പ സമയം വെച്ച ശേഷം പോരാട്ട പരുവത്തില്‍ പരത്തി ചുട്ടെടുക്കുക. ഈ സമയം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് അതിലേക്ക് എടുത്തു വെച്ച പാലും അല്പ്പം ഉപ്പും നന്നായി ചേര്‍ത്ത് ഇളക്കി വെക്കുക. ഈ കൂട്ട് പാനില്‍ ഒരു ചെറിയ ഓംലെറ്റിന് എന്ന പോലെ ഒഴിക്കുക. അതിനു മീതെ ആയി ഉണ്ടാക്കി വെച്ചിരിക്കുന്ന പൊറാട്ട വെച്ച് രണ്ടും വശവും മറിച്ചിട്ടു വേവിക്കുക.ഫില്ലിംങ്ങിന്:
ചിക്കന്‍ അല്പ്പം നീളത്തില്‍ മുറിച്ച് കുറച്ചു വെള്ളവും ആവശ്യത്തിന് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക. ഓവര്‍ വെന്തു പോകാതെ നോക്കണം. പാകമായാല്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. ശേഷം വേറെ ഒരു പാന്‍ അടുപ്പില്‍ വെച്ച് ചിക്കന്‍ പൊരിക്കാന്‍ ആവശ്യമായ എണ്ണ ഒഴിച്ചു ചൂടാക്കുക. ഈ സമയം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചു സ്പൂണ്‍ കൊണ്ട് അടിച്ചു വെക്കണം. ബ്രെഡ് പൊടിക്കുകയും വേണം. ഇനി വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ആദ്യം മുട്ടയില്‍ മുക്കി പിന്നെ ബ്രെഡില്‍ പൊതിഞ്ഞ് വറുത്ത് കോരുക. പുറമേ ഒന്ന് പൊരിഞ്ഞു കിട്ടിയാല്‍ മാത്രം മതി.(പനീര്‍ ആണെങ്കില്‍, അവ നീളത്തില്‍ മുറിച്ച് അല്പ്പം കോണ്‍ ഫ്‌ലോര്‍ തൂകി പൊരിച്ചെടുക്കാം.ബ്രൌണ്‍ കളര്‍ ആകാതെ സൂക്ഷിക്കണം)
ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന് എന്നാ പോലെ നീളത്തില്‍ മുറിച്ച് ഒരു പത്രം ഉപ്പു വെള്ളത്തില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വെക്കുക. അര മണിക്കൂറിന് ശേഷം എടുത്ത് വെള്ളം പോക്കി എണ്ണയില്‍ വറുത്തു കോരുക.
ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് അല്പ്പം ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ചെറുതാക്കി മുറിച്ച സവാള ഇടുക. സവാളയുടെ പച്ചമണം മാറി ഒന്ന് നന്നായി വെന്ത് വരുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും വളരെ നേര്‍മയാക്കി അരിഞ്ഞു ചേര്‍ക്കുക. എന്നിട്ട് കാപ്‌സികം മുറിച്ചതും കാരറ്റ് മുറിച്ചതും കൂടെ ചേര്‍ത്ത് വഴറ്റുക. പാകമായി വരുമ്പോള്‍ കാശ്മീരി മുളക് പൊടിയും ശേസ്വാന്‍ ചട്‌നിയും ചേര്‍ത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് ചിക്കന്‍ പൊരിച്ചതും ഉരുളക്കിഴങ്ങ് പൊരിച്ചതും കൂടെ ചേര്‍ത്ത് ഇളക്കുക. ഉപ്പ് പാകപ്പെടുത്തിയ ശേഷം മല്ലിച്ചപ്പ് ചെറുതാക്കി മുറിച്ചത് കൂടെ ചേര്‍ത്ത ശേഷം മാത്രം മൂടി വെക്കുക.
ഒരു കഷ്ണം ഫോയില്‍ പേപ്പര്‍ / ബട്ടര്‍ പേപ്പര്‍ നീളത്തില്‍ മുറിച്ച് അതിനു മുകളില്‍ പൊറാട്ട വെച്ച് അതിനു നടുവിലായി നീളത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് കൂട്ട് വെക്കുക. അതിനു മുകളിലായി ഒരു സ്പൂണ്‍ മയോണൈസും ഒരു സ്പൂണ്‍ ചീസും ഇടുക(എല്ലാ ഭാഗത്തും ഇവ എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം). ശേഷം പൊറാട്ട കോണ്‍ ആകൃതിയില്‍ മടക്കുക. താഴെ വെച്ചിരുന്ന ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് നല്ലപോലെ പൊതിഞ്ഞു വെക്കുക. ചൂടോടെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
via: ഷാജിന (mb4)