ആവശ്യമുള്ള സാധനങ്ങൾ
- ഉണക്കലരി 1 ലിറ്റർ
- നെയ്യ് 100 മി.ലി
- ശർക്കര 2 കിലോ
- പാല്‍ മൂന്നര ലിറ്റർ
- കൊട്ടത്തേങ്ങാ അരമുറി
- കിസ്മസ് 100 ഗ്രാം
- അണ്ടിപ്പരിപ്പ് 100 ഗ്രാം
- ജീരകം 1 സ്പൂണ്‍
- ചുക്ക് 2 ചെറിയ കഷണം
തയ്യാറാക്കേണ്ട വിധം
ഉണക്കലരി നന്നായി കുതിർത്ത് ഇടിച്ച് മാവാക്കുക. മാവിൽ നെയ്യ് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിക്കണം. അതിനു ശേഷം വാഴയിലയിൽ ഈ നേർപ്പിച്ച മാവ് വളരെ കനം കുറച്ച് പരത്തിയ ശേഷം ഇല ചുരുട്ടിവക്കുക. ഉരുളിയിൽ വെള്ളം എടുത്തു തിളപ്പിച്ച ശേഷം ചുരുട്ടിയ ഇല വെള്ളത്തിൽ മുക്കിവെച്ച് അരമണിക്കൂർ വേവിക്കുക. അങ്ങനെ മാവ് വെന്തുകഴിഞ്ഞാൽ വാങ്ങി കുട്ടയിലിട്ട് കുറെ തണുത്തവെള്ളം അതിന്മേൽ ഒഴിക്കുക. അങ്ങനെ ചെയ്താൽ ഇലയിൽ നിന്ന് മാവ് വേഗം ഇളകിപോരും ഇലയിൽ നിന്നും ഇളക്കി എടുത്ത വേവിച്ച മാവ് മറ്റൊരു കുട്ടയിൽ ഇട്ട് വെള്ളം ഉള്ളത് വാർന്നു പോകണം.ഉരുളിയിൽ വെള്ളം എടുത്ത് തിളപ്പിച്ച് ശർക്കര അതിലിട്ട് അലിയിക്കുക. അതിനു ശേഷം അട ശർക്കര ലായനിയിൽ ഇട്ട് നന്നായി ഇളക്കി വരട്ടുക. വരട്ടുമ്പോൾ പകുതി നെയ്യ് ഒഴിക്കാം. ഇളക്കുമ്പോൾ ചട്ടുകത്തിന്റെ പിൻവശത്ത് ഉരുളി കാണുന്ന സമയം കാൽ ലിറ്റർ പാല്‍ ചേർത്തുവേണം വരട്ടുവാൻ. ഈ പാല്‍ പകുതി കണ്ടു പറ്റിയിരിക്കുന്നതായി കാണുമ്പോൾ ഒന്നര ലിറ്റർ പാല്‍ കൂടി ഒഴിച്ച് തിളപ്പിക്കുക. രണ്ടാമതു പാല്‍ ഒഴിച്ച് തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പതക്ക് ചുമപ്പ് രേഖ കാണുമ്പോൾ ഉരുളി അടുപ്പത്തു നിന്നും വാങ്ങി വയ്ക്കുക. അതിനുശേഷം 2 ലിറ്റർ പാല്‍ ഒഴിച്ച് ഇളക്കുക. കൊട്ടതേങ്ങ ചെറുതായി അരിഞ്ഞതും കാമ്പു കളഞ്ഞ കിസ്മസും കപ്പലണ്ടിയും നെയ്യില്‍ വറുത്തെടുത്ത് പ്രഥമനില്‍ ഇട്ട് ഇളക്കി ചേർക്കുക. ജീരകവും ചുക്കും കൂടി പൊടിച്ചെടുത്ത് പാത്രത്തിൽ വിതറി ഇട്ട് ഇളക്കണം.