ചേരുവകൾ:
- മാങ്ങാ – 5 എണ്ണം
- വെളുത്തുള്ളി – ഒരു കുടം(നാട്ടിലെ ആണെങ്കില്‍ 2 ,വിദേശത്ത് കിട്ടുന്നത് ആണെങ്കില്‍ 1, ഒരു കാര്യം മറക്കണ്ട, വെളുത്തുള്ളി നമ്മുടെ ശരീരത്തിന് വളരെ നല്ലത് ആണെങ്കിലും പല കറികളിലും ഇത് കൂടി പോയാല്‍ രുചി മാറി പോകും.അതിനാല്‍ ഒരു കുടം എന്നത് കൂടണ്ട കേട്ടോ )
- ഇഞ്ചി -ഒരു വലിയ കഷണം( ഇഞ്ചി അല്പം കൂടുതല്‍ എടുത്താലും കുഴപ്പമില്ല,പക്ഷെ കുറയരുത്)
- കടുക് –1 1/2 ടീസ്പൂണ്‍
- കാശ്മീരി മുളക് പൊടി - 4 ടീസ്പൂണ്‍ : ഇത് തന്നെ നല്ല എരിവു കാണും,എരിവു കൂട്ടണമെങ്കില്‍ 2 ടീസ്പൂണ്‍ കടി കൂട്ടിക്കോളു
- മഞ്ഞപ്പൊടി - 1/2 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- നല്ലെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍ ; നല്ലെണ്ണ തന്നെ വേണം
- കായം - 1/2 ടീസ്പൂണ്‍
- ഉലുവാപൊടി - 1 ടീസ്പൂണ്‍
- കറി വേപ്പില - 2-3 കതിര്‍
തയ്യാറാക്കുന്ന വിധം:
മാങ്ങാ കഴുകി തൊലി ചെത്താതെ ചെറുതായി അരിയുക. ഇനി നല്ല പോലെ കഴുകി വാരി വയ്ക്കുക.. വെള്ളം തോര്‍ന്നു കഴിഞ്ഞു ഒരു പാത്രത്തില്‍ മാങ്ങാ ഇട്ടു പാകത്തിന് ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും ചേര്‍ത്തു ഒരു ദിവസം ഫ്രിഡ്ജില്‍ വെച്ചേക്കുക. (മഞ്ഞള്‍പ്പൊടി ചേര്‍ക്കുന്നത് അച്ചാര്‍ ഇടുമ്പോള്‍ മാങ്ങാ വെളുത്തിരിക്കാതിരിക്കാന്‍ ആണ്). മാങ്ങാ ഒരു ദിവസം ഇങ്ങനെ ഉപ്പില്‍ പുരട്ടി വെച്ചിരുന്നിട്ടു തന്നെ ഇടണം.... എന്നാലേ നല്ല രുചി കിട്ടൂ......അടുത്ത ദിവസം ഈ മാങ്ങാ അച്ചാറിടാം. മാങ്ങാ ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്തു കുറച്ചു സമയം തണുപ്പ് മാറാന്‍ വയ്ക്കുക.. ഇനി ഇതില്‍ ഒരു ടീസ്പൂണ്‍ കടുക് ചതച്ചിടുക. ഇനി ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും താളിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞതും നന്നായി വഴറ്റുക. ഇതിലേക്ക് 4 ടീസ്പൂണ്‍ മുളക് പൊടിയിട്ടു പെട്ടെന്ന് തീയണച്ചു ഇളക്കി മാങ്ങയും തട്ടിഇടുക.. പെട്ടെന്ന് തന്നെ തീയ് അണച്ചില്ലെങ്കില്‍ മുളക് പൊടി കരിഞ്ഞു കറുത്ത് പോകും... അച്ചാറിന്‍റെ രുചിയും പോകും. കാണാനും ഒരു ഭംഗി’ ഉണ്ടാകില്ല. തീയ് അണച്ചതിനു ശേഷം ഉടനെ തന്നെ ഒരു ടീസ്പൂണ്‍ ഉലുവാപ്പൊടി ചേര്‍ക്കുക, 1/2 ടീസ്പൂണ്‍ കായവും. ഇനി എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിക്കുക. ഉപ്പ് പാകത്തിന് ഉണ്ടോ എന്ന് നോക്കിയിട്ട് വേണമെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാം. കടുമാങ്ങ ചൂട് ആറി കഴിയുമ്പോള്‍ ഒരു കുപ്പിയില്‍ ആക്കി അടച്ചു ഫ്രിഡ്ജില്‍ വയ്ക്കുക.