ചേരുവകള്‍
- നെല്ലിക്ക - രണ്ടു കിലോഗ്രാം
- പഞ്ചസാര - ഒന്നര കിലോഗ്രാം
- വെള്ളം - 5 ലിറ്റര്‍
- യീസ്റ്റ് - ഒരു ടീസ്പൂണ്‍
- പഞ്ചസാര കരിക്കുവാന്‍ - അര കപ്പ് (ആവശ്യമെങ്കില്‍)
പാകം ചെയ്യുന്ന വിധം
നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. 21ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. കളര്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍മതി.പഞ്ചസാര കരിച്ചെടുക്കുന്ന വിധം
പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്ക് പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞു പൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്ക് വീഴുമ്പോള്‍ ചെറിയ ശബ്ദം ഉണ്ടാകും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നത് നില്‍ക്കുമ്പോള്‍ അത് സിറപ്പ് പാകമാകും.വൈനുണ്ടാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
1. നന്നായി അടയ്ക്കാവുന്ന അടപ്പുള്ള ഭരണി തിളച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കുക.2. വൈനുണ്ടാക്കുന്ന ചേരുവകള്‍ എല്ലാം ചേര്‍ത്തതിനുശേഷം ഭരണിയുടെ വക്കില്‍നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും.
3. ഭരണി തുണികൊണ്ട് അയച്ചു മൂടിക്കെട്ടിയാല്‍ മതി.
4. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചെറു ചൂടുവെള്ളവും കൂടി ചേര്‍ത്തിളക്കി 10 മിനിട്ട് പുറത്തുവച്ച് പൊങ്ങിയശേഷം ഭരണിയിലൊഴിക്കാം.
5. എല്ലാ ദിവസവും കൃത്യസമയത്ത് മരത്തവികൊണ്ട് 5 മിനിട്ട് ഇളക്കണം.
6. വൈന്‍ ഊറ്റുമ്പോള്‍ മട്ടു കലങ്ങാതിരിക്കുവാന്‍ സൈഫണ്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
7. വൈന്‍ നിറമുള്ള കുപ്പികളില്‍ സൂക്ഷിക്കുക.
8. കുപ്പി നിറയ്ക്കുമ്പോള്‍ വക്കുവരെ നിറയ്ക്കരുത്. കുപ്പിയുടെ വക്കില്‍നിന്ന് 3 ഇഞ്ച് താഴ്ന്നു നില്ക്കണം.
9. വൈന്‍ പഴകുന്തോറും ഗുണം കൂടും. നെല്ലിലോ മണ്ണിലോ കുഴിച്ചിട്ടാല്‍ നല്ലതാണ്.
10. മൂടിക്കെട്ടിവച്ചിരിക്കുന്ന വീഞ്ഞ് കൂടെക്കൂടെ തുറന്നു നോക്കരുത്.