ചേരുവകള്‍
- വേവിച്ചെടുത്ത മുഴുവന്‍ കോഴി
- ബസുമതി റൈസ്
- ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ്
- ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്
- തക്കാളി അരിഞ്ഞത്
- സവാള അരിഞ്ഞത് ഒരു കപ്പ്
- പച്ചമുളക് അരിഞ്ഞത്
- ഗരം മസാല
- മുളക്‌പൊടി
- കുരുമുളക്‌പൊടി
- മഞ്ഞള്‍പ്പൊടി
- ഉപ്പ്
- കറിവേപ്പില അരിഞ്ഞത്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
- കോഴിമുട്ട പുഴുങ്ങിയത് 3 എണ്ണം
- റിഫൈന്‍ഡ് ഓയില്‍
തയ്യാറാക്കുന്ന വിധം
ഈ വിഭവം തയ്യാറാക്കുന്നതിനായി ആദ്യം വൃത്തിയാക്കിയ കോഴിയെ കഷ്ണങ്ങളാക്കാതെ തന്നെ ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ വേവിക്കുക. വേവിച്ചെടുത്ത ഈ കോഴിയെ മാറ്റി വെച്ച ശേഷം ഇതില്‍ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കുക.
കോഴിക്കുള്ളില്‍ നിറയ്ക്കുവാനുള്ള മിശ്രിതം തയ്യാറാക്കാം
ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായ ശേഷം അല്‍പ്പം എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കിയ പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം അരിഞ്ഞുവെച്ച പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞു വെച്ച ഒരു കപ്പ് സവാളയും പൊടിയായി കൊത്തിയരിഞ്ഞ ഒരു ചെറിയ കപ്പ് ചിക്കനും ചേര്‍ത്ത് അല്‍പ സമയത്തിന് ശേഷം ഒരു ടീസ്പൂണ്‍ മുളക്‌പൊടി, അല്‍പം മഞ്ഞള്‍പ്പൊടി, ഗരം മസാല , ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. തക്കാളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം ഈ മിശ്രിതത്തിലേക്ക് വേവിച്ചുവെച്ച ബസുമതി റൈസ് ചേര്‍ക്കുന്നു. അങ്ങനെ കോഴിക്കുള്ളില്‍ നിറയ്ക്കാനുള്ള ബസുമതി റൈസ് മസാലക്കൂട്ട് തയ്യാര്‍ !
നേരത്തെ വേവിച്ച് മാറ്റിവെച്ച കോഴിക്കുള്ളില്‍ പുഴുങ്ങിവെച്ച കോഴിമുട്ടയും ബസുമതി റൈസ് മസാലക്കൂട്ടും നിറച്ച ശേഷം അരിമാവ് കൊണ്ട് അടയ്ക്കുക.
അല്‍പം കുഴിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക . ബസുമതി റൈസ് മസാലക്കൂട്ട് സ്റ്റഫ് ചെയ്ത് തയ്യാറാക്കിയ കോഴിയെ ചൂടായ എണ്ണയിലേക്കിടുക. അല്‍പം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില , പുഴുങ്ങി വെച്ച മുട്ട എന്നിവ കൂടി ഇതില്‍ ചേര്‍ത്ത ശേഷം കോഴി നന്നായി പൊരിച്ചെടുക്കുന്നതോടെ കോഴി നിറച്ചത് തയ്യാര്‍! കിസ്മിസ് , വേവിച്ച ബസുമതി റൈസ് ,തക്കാളി , സവാള എന്നിവ കൊണ്ട് അലങ്കരിക്കുന്നതോടെ കോഴി നിറച്ചത് വിളമ്പാന്‍ റെഡി. !