പഴ പ്രഥമന്‍
ചേരുവകള്‍:
(10 കപ്പ് പായസത്തിന്)ഏത്തപ്പഴം രണ്ടു കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അര ലിറ്റര്‍
രണ്ടാം പാല്‍ ഒന്നര ലിറ്റര്‍
തേങ്ങ നാലെണ്ണം
നെയ്യ് 150 ഗ്രാം
കൊട്ടത്തേങ്ങ 10 ഗ്രാം
അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
ചുക്കുപൊടി ഒരു ഗ്രാം
ചുണ്ണാമ്പ് ഒരു നുള്ള്
പാകം ചെയ്യുന്നവിധം:
ഉരുളിയില്‍ മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ഏത്തപ്പഴം തൊലിച്ച് മൂന്നു കഷണങ്ങളായി തിളച്ച വെള്ളത്തില്‍ ഇടുക. ഏത്തപ്പഴം തിളച്ചുവരുമ്പോള്‍ ഒരു നുള്ള് ചുണ്ണാമ്പ് വെള്ളത്തില്‍ കലക്കി അതില്‍ ഒഴിക്കുക. (ഏത്തപ്പഴം നന്നായി വെന്തുകിട്ടാനും ചുവന്ന കളര്‍ കിട്ടാനും ഏത്തപ്പഴത്തിലെ അരി കലങ്ങിപ്പോകാനും) ഉദ്ദേശം ഒരു മണിക്കൂറെങ്കിലും വെന്തുകിട്ടിയാല്‍ മാത്രമേ അരച്ചെടുക്കാന്‍ പറ്റുകയുള്ളു.ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അരിച്ചെടുത്തതിനു ശേഷം ആ ശര്‍ക്കരപ്പാനി വീണ്ടും വറ്റിച്ചെടുക്കുക. കുറുകിവരുമ്പോള്‍ ഏത്തപ്പഴം അരച്ചെടുത്തത് അതില്‍ ചേര്‍ക്കുക. ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. വരട്ടിയെടുക്കുമ്പോള്‍ പകുതി നെയ്യ് ചേര്‍ത്ത് വീണ്ടും വരട്ടുക.
തേങ്ങ അരച്ച് അര ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്ത് വെച്ച് അരിച്ചെടുക്കുക. ഒന്നാം പാല്‍ കട്ടിക്ക് ഇരിക്കണം. വീണ്ടും ആ പീര ചതച്ചെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്ത് വെച്ച് അരിച്ചെടുക്കുക.
വരട്ടിവെച്ച പഴത്തില്‍ രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വറ്റിവരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് ഇളക്കി ഇറക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ നെയ്യില്‍ വറുത്തത് അതില്‍ ചേര്‍ക്കുക.