കോഴിപ്പെരക്ക് (ഓണസ്‌പെഷ്യല്‍)
ചേരുവകള്‍
കോഴി - ഒന്ന് ചെറുത് (ചെറിയ കഷണങ്ങളാക്കിയത്)വറ്റല്‍മുളക് പിരിയന്‍ -15
നാടന്‍ - 15
മല്ലി - നാല് ടേബിള്‍സ്‌പൂണ്‍
കുരുമുളക് - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി - ആറ് അല്ലി
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
ജീരകം - ഒരു ചെറിയസ്‌പൂണ്‍
പുളി - ഒരു ചെറിയ ഉരുള
തേങ്ങ ചിരവിയത് - ഒരു മുറി (വലുത്)
സവാള - മൂന്നെണ്ണം (ചെറുതായരിഞ്ഞത്)
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരു മണ്‍ചട്ടിയില്‍ ഒരു ടീസ്‌പൂണ്‍ എണ്ണ ചൂടാക്കി വറ്റല്‍മുളക്, രണ്ട് ടീസ്‌പൂണ്‍ മല്ലി, കുരുമുളക്, തേങ്ങ ചിരകിയത് എന്നിവ ഒന്നിച്ചാക്കി ബ്രൗണ്‍നിറമാകുന്നതുവരെ വയ്‌ക്കുക. ശേഷം ബാക്കിയിരിക്കുന്ന വറുക്കാത്ത മല്ലിയും ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, പുളി എന്നിവയും അരയ്‌ക്കാന്‍ ആവശ്യത്തിന് അല്‍പ്പം വെള്ളം ഉപയോഗിച്ച് അരകല്ലില്‍വച്ച് നല്ല മഷിപോലെ അരച്ചെടുക്കുക. (കല്ല് കഴുകിയ കട്ടിയുള്ള വെള്ളം എടുത്തുവയ്‌ക്കണം)
ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് കോഴിക്കഷണങ്ങള്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് വഴറ്റുക. ശേഷം കല്ല് കഴുകിയ അരപ്പ് വെള്ളവും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് അടച്ചുവേവിക്കുക. മുക്കാല്‍ വേവാവുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന അരപ്പുചേര്‍ത്ത് നന്നായി ഇളക്കിയിളക്കി കോഴിക്കഷണങ്ങള്‍ വേവിക്കുക. അരപ്പ് നന്നായി കോഴിയില്‍ പിടിച്ച് മൂക്കുന്നതുവരെ ഇങ്ങനെ അരപ്പിലിട്ട് ഇളക്കിക്കൊണ്ടിരിക്കണം. അരപ്പ് നന്നായി കോഴിക്കഷണങ്ങളില്‍ പിടിച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്ന് ഇറക്കി ഉപയോഗിക്കാം. -