ചോക്ലേറ്റ് കേക്കിന്റെ രുചി അറിയാത്തവരായി ആരുമുണ്ടാവില്ല. ഒരിക്കല്‍ കഴിച്ചാല്‍പിന്നെ നാവില്‍നിന്നു വിട്ടുമാറില്ല ഇതിന്റെ സ്വാദ്. നമ്മളുണ്ടാക്കാന്‍ പോകുന്നത് ഫഡ്ജ് ഐസിങ് ഉള്ള ചോക്ലേറ്റ് കേക്ക് ആണ്. വളരെ രുചികരമായ ഈ കേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
- 11/2 കപ്പ് പഞ്ചസാര പൊടിച്ചത്,
- 125 ഗ്രാം വെണ്ണ, ഒരു കപ്പ് വെള്ളം,
- 1/2 ടീസ്പൂണ്‍ സോഡാപ്പൊടി
എന്നിവ ഒന്നിച്ചാക്കി പഞ്ചസാര അലിയുന്നതുവരെ ഇളക്കി ചൂടാക്കുക. ഇത് തിളയ്ക്കാന്‍ പാടില്ല. തിള വന്ന ശേഷം തീ കുറച്ച് വീണ്ടും അഞ്ച് മിനിറ്റ് ഇളക്കിയശേഷം അടുപ്പില്‍നിന്നും മാറ്റി തണുക്കാന്‍അനുവദിക്കുക.
- 11/2 കപ്പ് മൈദാമാവും 21/2 ടീസ്പൂണ്‍ ബേക്കിങ് പൗഡറും
- 21/2 ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും
ഒന്നിച്ചാക്കി ഇടഞ്ഞുവെയ്ക്കുക. തുടര്‍ന്ന് ഇടഞ്ഞുവെച്ചിരിക്കുന്ന മൈദാക്കൂട്ടും രണ്ട് മുട്ട ഉടച്ചതും ചേര്‍ത്ത് ഇലക്ട്രിക് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അടിച്ചെടുത്തശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിച്ച് 160 – 180 ഡിഗ്രി ചൂടില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. കേക്ക് ടിന്‍ അല്പം വെണ്ണ തടവി അല്പം മൈദാമാവ് ചൂറ്റോടുചുറ്റും തൂവി നന്നായി തട്ടിക്കളഞ്ഞ് തയ്യാറാക്കി എടുക്കണം.
ഫഡ്ജ് ഫ്രോസ്റ്റിങ് ഉണ്ടാക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം, 1/4 കപ്പ് പൊടിച്ച പഞ്ചസാര, 50 ഗ്രാം വെണ്ണ എന്നിവ ചെറുതീയില്‍ അലിയുന്നതുവരെ ചൂടാക്കുക. ഇത് തിളയ്ക്കരുത്. മുക്കാല്‍ കപ്പ് ഐസിങ് ഷുഗറും രണ്ട് ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ഒന്നിച്ചാക്കി ഒരു പാത്രത്തില്‍ ഇടഞ്ഞുവെയ്ക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ചൂടുവെണ്ണ, പഞ്ചസാരമിശ്രിതം കുറ്റേശ്ശെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ക്ലിങ് ഫിലിംകൊണ്ടു മൂടി, ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍വെച്ച് 20 മിനിറ്റ് സമയം തണുപ്പിക്കുക (കുറച്ച് കട്ടിയാകാന്‍ തുടങ്ങുന്നതുവരെ). പുറത്തെടുത്ത് തടിത്തവികൊണ്ട് വീണ്ടും നന്നായി അടിച്ച് അയവ് വരുത്തി തയ്യാറാക്കിവെച്ചിരിക്കുന്ന കേക്കിന്റെ മുകളില്‍ ഒഴിച്ച് അനക്കാതെ വയ്ക്കുക. നന്നായി സെറ്റ് ആയിക്കഴിയുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കാം. പെട്ടന്ന് ഉറച്ചുകിട്ടാന്‍ വേണമെങ്കില്‍ കേക്കിലേക്ക് ഐസിങ് ഒഴിച്ചുകഴിഞ്ഞ് ഒന്നു സെറ്റായി തുടങ്ങുമ്പോള്‍ ഫ്രിഡ്ജിന്റെ താഴത്തെ തട്ടില്‍ വച്ചാലും മതിയാകും.