കരിമീന് പൊള്ളിച്ചത്
വിദേശികള് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കേരളീയ വിഭവം ഏത്? സംശയം വേണ്ട, കരിമീന് പൊള്ളിച്ചത് തന്നെ. ആലപ്പുഴയിലും കുമരകത്തും കൊല്ലത്തുമൊക്കെ എത്തുന്ന സഞ്ചാരികള്ക്ക് ഏറെ പ്രിയങ്കരമാണ് കരിമീന് പൊള്ളിച്ചത്. വിദേശീയര്ക്കും സ്വദേശീയര്ക്കും ഏറെ പ്രിയങ്കരമായതിനാലാണ് കേരളത്തിന്റെ ഔദ്യോഗിക മല്സ്യമായി കരിമീന് തിരഞ്ഞെടുക്കപ്പെട്ടത്.
കരിമീന് വളര്ത്തലിനും മറ്റുമായി പ്രത്യേക പദ്ധതികളാണ് സംസ്ഥാന സര്ക്കാര് ആവിഷ്ക്കരിച്ചിട്ടുള്ളത്. ഏറെ സ്വാദിഷ്ഠമായ കരിമീന് പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്-
കരിമീന് - ഒരെണ്ണം(വലുത്)
ഇഞ്ചി - 10 ഗ്രാം
വെളുത്തുള്ളി - 10 ഗ്രാം
ഉള്ളി - 50 ഗ്രാം
കറിവേപ്പില - രണ്ട് ഇതള്
മുളകുപൊടി - അഞ്ചു ഗ്രാം
മഞ്ഞള്പ്പൊടി - മൂന്നു ഗ്രാം
മല്ലിപ്പൊടി - അഞ്ചുഗ്രാം
കുരുമുളക് പൊടി - രണ്ടുഗ്രാം
നാരങ്ങ - ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 25 മില്ലി
വാഴയില - ചെറുതായി മുറിച്ചത്
തയ്യാറാക്കുന്ന വിധം
കരിമീന് കഴുകി വൃത്തിയാക്കുക. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മുളകുപൊടി, മഞ്ഞള്പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്ത്ത് അരച്ചെടുക്കുക. മിക്സിയില് അരയ്ക്കുന്നതിനേക്കാള് അരകല്ലില് അരയ്ക്കുകയാണെങ്കില് നന്നായിരിക്കും. അങ്ങനെ അരച്ചെടുക്കുന്നത് കരിമീനില് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം അതില് നാരങ്ങനീര് പിഴിഞ്ഞ് ഒഴിക്കുക. തുടര്ന്ന് അരപ്പ് പുരട്ടിയ കരിമീനിന് പുറത്ത് കറിവേപ്പില വിതറുകയും വാഴയിലയില് നന്നായി പൊതിയുകയും ചെയ്യുക. ഇത്തരത്തില് വാഴയിലയില് പൊതിഞ്ഞ കരിമീന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായിരിക്കുന്ന ചട്ടിയില് തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. പത്തു മിനിട്ട് വേവിച്ച ശേഷം വാഴയില മാറ്റി ഉപയോഗിക്കുക. അവശേഷിക്കുന്ന നാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ച ശേഷം സലാഡ് ചേര്ത്ത് കഴിക്കുക.