ചോളം ഉപ്പുമാവ്...
ഒന്നൂല്ല. ഫ്രിഡ്ജിൽ എപ്പഴേലും മേടിച്ച ചോളം കൊണ്ടു തള്ളിയിട്ടുണ്ടോ എന്നു നോക്കുക. ഉണ്ടെങ്കിൽ അതിന്റെ അല്ലികളടർത്തി എടുക്കണം (ഒരു ജാഡയ്ക്ക് പറഞ്ഞൂന്നെയുള്ളൂ, ഞാൻ കത്തീം കൊണ്ട് ഇങ്ങ് ചെത്തിയെടുക്കുകയാ ചെയ്തത്, അത്രേമൊക്കെ മെനക്കെടാനേ പറ്റൂ) . ന്നിട്ട് ഒരു സ്പൂൺ എണ്ണയിൽ കടുകു പൊട്ടിച്ച്, സവാളയും പച്ചമുളകും കുഞ്ഞു കുഞ്ഞായി അരിഞ്ഞതും ഇഞ്ചീം വെളുത്തുള്ളീം ചതച്ചതും നന്നായി വഴറ്റി അതിലേക്ക് ഒരു തക്കാളി കുനുകുനാ അരിഞ്ഞതും കൂടി ഇട്ടേക്ക്. ഇനി ചോളമെടുത്ത് ഇതിലെക്കിട്ട് കുറച്ച് ഉപ്പുമിട്ട് നികക്കെ വെള്ളവുമൊഴിച്ച് ചോളം നല്ല സോഫ്റ്റാവുന്നതു വരെ മൂടി വച്ച് വേവിക്കണം. ചുമ്മാതിരുന്ന് ചോളത്തിനു ബോറടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഒന്നിളക്കിക്കൊടുത്താലും കുഴപ്പമില്ല. അത്മാർത്ഥത കൂടിപ്പോയി ചോളം വെന്തവിഞ്ഞ് അതിന്റെ അസ്തിത്വം നഷ്ടപ്പെട്ടു പോവരുത്. വെള്ളമൊക്കെ വറ്റി കഴിയുമ്പൊൾ എടുത്ത് കുറച്ച് പൊമഗ്രനേറ്റ് അല്ലികളും ചേർത്തിളക്കി (ഇതു ചോളത്തിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്, ലുക്കിലും ടേസ്റ്റിലും അവനവന്റെ കലാബോധമനുസരിച്ച് അങ്ങു വിളമ്പിയേക്ക്. അത്രേയുള്ളൂ സംഭവം.
(Source)