സോയാ മഞ്ചൂരിയൻ...




സോയാ മഞ്ചൂരിയൻ...

മഞ്ചൂരിയനോട് പണ്ടു തൊട്ടേ എനിക്കു വല്യ സ്നേഹമാണ്. വഴിസൈഡിലെ കടകളിൽ നിന്ന് ഗോബിമഞ്ചൂരിയൻ വാങ്ങി വെട്ടിവിഴുങ്ങിക്കൊണ്ടിരുന്ന ഒരു കാലവുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ടപ്പേന്ന് കാലം മാറി. വിഴുങ്ങുന്ന സാധങ്ങളിലെ ഇൻ‌ഗ്രേഡിയന്റ്സിനെ സം‌ശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരവസ്ഥയിലേക്ക് ഞാനങ്ങു നന്നായി. അങ്ങനെ സ്കാനിം‌ഗിനു വിധേയമാക്കപ്പെട്ട ഐറ്റങ്ങളിൽ ഒന്നായിരുന്നു മഞ്ചൂരിയനും. മഞ്ചൂരിയനിലെ പ്രധാന വില്ലൻ‌മാരായ ഒന്ന് ഡീപ് ഫ്രൈ ചെയ്യുന്ന എണ്ണ, പിന്നെ ടൊമാറ്റോ സോസിലെ ഷുഗർ കണ്ടന്റ്, അജിനോമോട്ടോ എന്നിവർ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു. അതുങ്ങളെ കീഴടക്കാൻ വേണ്ടി ഞാൻ മഞ്ചൂരിയനെ രണ്ടും കല്പിച്ച് ഒന്ന് അഴിച്ചു പണിതു. ദേ ദിങ്ങനെ.

ആദ്യം തന്നെ ഡീപ് ഫ്രൈ സം‌ഭവം അങ്ങ് ഒഴിവാക്കി. പകരം സോയാ ചങ്ക്സ് എടുത്ത് ഇത്തിരി വെള്ളത്തിൽ ഒന്നു കുതിർ‌ത്ത് മൈക്രോവേവിൽ ഒന്നുരണ്ടു മിനിട്ടു വച്ച് ഒന്ന് വേവിച്ചെടുത്തു. ന്നിട്ട് അതിൽ കുറച്ച് ഉപ്പും മുളകുപൊടിയും ചിക്കൻ മസാലയും തിരുമ്മി നോൺ‌സ്റ്റിക്ക് പാനിലിട്ട് നന്നായി വരട്ടിയെടുത്ത് മാറ്റി വച്ചു.

ഇനി വേണ്ടത് ടൊമാറ്റോസോസ് ആണ്. കടേന്ന് മേടിക്കുന്ന സോസെടുത്ത് ‘ശൂ ഷുഗറേ പോ’ എന്നു പറഞ്ഞാലൊന്നും അതിലെ പഞ്ചാര പോവില്ല. അതോണ്ട് ഞാനൊരു ഡ്യൂപ്ലികേറ്റ് സോസങ്ങ് ഉണ്ടാക്കി. ഒരു പഴുത്ത തക്കാളി, പച്ചമുളക്, ഇത്തിരി ശർക്കര, ഇത്തിരി പുളി പിഴിഞ്ഞത് ഇത്രെം നന്നായി അരച്ചെടുത്തു അതിനെ ടൊമാറ്റോ സോസെന്ന് മൂന്നുവട്ടം പേരുചൊല്ലി വിളിച്ചു.

അജിനോമോട്ടോ- അതിനോടു പോയി പണി നോക്കാൻ പറഞ്ഞു. അതില്ലാതെ മഞ്ചൂരിയൻ ഉണ്ടാക്കിയാലുംആകാശമൊന്നും ഇടിഞ്ഞു വീഴില്ല.

അപ്പോ ഇങ്രേഡിയന്റ്സ് ഒക്കെ ആയി. ഇനി ഒരു സവാള എടുത്ത് ഇത്തിരി വീതിയിൽ അരിഞ്ഞ് ഒരു സ്പൂൺ എണ്ണയിൽ വഴറ്റുക. അതിലേക്ക് വെളുത്തുള്ളി-ഇഞ്ചി പേസ്റ്റിട്ട് പച്ചമണം മാറുമ്പോൾ നമ്മടെ ആ ടൊമാറ്റോസോസ് ഒഴിച്ച് നന്നായി കുളുകുളാന്ന് വേവിക്കുക. എരിവ് വേണമെങ്കിൽ ഇത്തിരി മുളകുപൊടീം കൂടെ ഇട്ടോ. ഇതിലേക്ക് നേരത്തെ റെഡിയാക്കിയ സോയാചങ്ക്സും ഇട്ട് ശകലം സോയാ സോസുംഒഴിച്ച് (ഇത് അങ്ങു കോരിയൊഴിച്ചെക്കരുത്. അത്ര നല്ല സാധനമൊന്നുമില്ല) പിന്നെ ഉപ്പു നോക്കി വേണമെങ്കിൽ ഉപ്പും ചേർ‌ക്കണം. സോയാസോസിൽ തന്നെ നല്ലോണം ഉപ്പുണ്ട്. അതു മനസിൽ വച്ചോണം . എന്നിട്ട് കുറച്ചു നേരം അടച്ചു വച്ച്  നന്നായി ഇളക്കി ഇങ്ങെടുക്ക്. സ്പ്രിം‌ഗ് ഒനിയനും കാപ്സിക്കവും ഒക്കെയുണ്ടെങ്കിൽ അതു കൂടി ചേർ‌ത്തോ. എന്റടുക്കളയിൽ അതൊന്നും ഇല്ലായിരുന്നു. പിന്നില്ലേ ടൊമാറ്റോ സോസിനു നല്ലോണം കൊഴുപ്പുള്ളതു കൊണ്ട് സാധാരണ ചേർക്കുന്നതു പോലെ കോൺ-പൊടിയൊന്നും ചേർ‌ക്കണ്ട ആവശ്യമില്ല കേട്ടോ.

ഇതിപ്പോ ഞാൻ ബാറ്ററിലൊന്നും മുക്കിപ്പൊരിക്കാതെ  നേരെ അങ്ങുണ്ടാക്കുകയാണു ചെയ്തത്. ഇനി അതു വേണേ തന്നെ കട്ടിക്ക് മാവു കലക്കീട്ട് മൈക്രോവേവിൽ വച്ചെടുത്താൽ മതിയാരിക്കും. ഞാൻ പരീക്ഷിച്ചു നോക്കീട്ടില്ല.അതോണ്ട് ആരേലും അതു പരീക്ഷിച്ച് പരാജയപ്പെട്ട് എന്നെ തല്ലാൻ വന്നാൽ അമ്മച്ച്യാണേ ഞാൻ തിരിച്ചു തല്ലും.പറഞ്ഞില്ലാന്നു വേണ്ട...

(Source)


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs