ഓട്സ്-പപ്പായ സ്മൂതി...
രാവിലെ പകുതി ഉറക്കത്തിൽ അടുക്കളയിൽ കേറുന്നവർക്ക് യാതൊരപകടവുമില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന സാധനം. കരിയുക,പുകയുക,പൊട്ടിത്തെറിക്കുക തുടങ്ങിയ ഒരപകടവുമില്ല. എന്താ ചെയ്യെണ്ടതെന്നു വച്ചാൽ, ഒരു പിടി ഓട്സെടുത്ത് അതു മുങ്ങുന്നത്ര വെള്ളത്തിൽ മുക്കി മൈക്രോവേവിൽ ഒരു മിനിട്ട് വച്ച് ഇത്തിരി വേവിക്കുക. എന്നിട്ട് അതിനെ എടുത്ത് മിക്സീലിട്ട് കൂടെ കുറച്ചു പഴുത്ത പപ്പായ (ഞാൻ ഒരു മീഡിയം സൈസ് പപ്പായയുടെ കാൽഭാഗമാണ് എടുത്തത്) കഷ്ണിച്ച് അതിലേക്കിടുക. ഒരു ചെറുപഴോം നുറുകി അതിലെക്കിടണം. പിന്നെ ഇത്തിരി എലയ്ക്ക,കറുവാപ്പട്ട പൊടിച്ചതും. ഇനി കുറച്ച് തേനും കൂടി ഒഴിച്ചോ. എന്നിട്ട് നന്നായി മിക്സീലടിച്ച് കുഴമ്പു പരുവത്തിലാക്കുക. വല്ലാതെ തിക്ക് ആയിപ്പോയെങ്കിൽ ഇത്തിരി വെള്ളോം ചേർത്തടിച്ചോ. പരിപാടി കഴിഞ്ഞു. വേണമെങ്കിൽ മിക്സീടെ ജാറിൽ നിന്നു തന്നെ നേരിട്ടങ്ങു കുടിക്കാം. അത്രെം പ്രാകൃതമായി പെരുമാറാത്തവർക്ക് ഗ്ലാസിലൊഴിച്ചും കുടിക്കാം. എന്നെപോലെ ഭീകര കലാബോധമുള്ളവരാണെങ്കിൽ പപ്പായ കുഞ്ഞുകുഞ്ഞായി അരിഞ്ഞ് അതിന്റെ മോളിൽ വിതറി അലങ്കരിക്കുകയും ചെയ്യാം.
പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
1)പപ്പായയുടെ തൊലി കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അന്തരാത്മാവു വരെ കയ്ക്കും
2)പഴത്തിന്റെ തൊലീം കളയണം. ഇല്ലെങ്കിൽ മിക്സി കറങ്ങുന്ന വഴിക്ക് പഴത്തൊലിയിൽ ചവിട്ടി തെന്നിവീഴാനുള്ള സാധ്യതയുണ്ട്.
3)ഇതിനു പപ്പായ തന്നെ വേണമെന്നില്ല. ഇത്തിരി പ്ലും പ്ലുംന്നുള്ള ഏതു പഴങ്ങളും ആവാം
(Source)