ബിലാത്തീലെ ഫാര്‍മേര്‍സ് മാര്‍ക്കറ്റിലൂടെ പഴംപച്ചക്കറികളെ വായ്നോക്കി നടക്കുമ്പോഴാണ് ആ കട കണ്ടത്. കണ്ണ് സോക്കറ്റീന്നു തള്ളി പുറത്തെക്കു വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. നമ്മടെ കപ്പ ലോ ലവിടെ കുന്നു കൂട്ടി ഇട്ടിരിക്കുന്നു. പറന്നു ചെന്നാണ് കടെല്‍ കേറീത്. ഒരു ആഫ്രിക്കന്‍ കട. നമ്മടെ കപ്പ അവര്‍ടെ കസവ ആണു പോലും. ആയ്ക്കോട്ടെ. അടുത്തു തന്നെ ഒരു കൊട്ടയില്‍ ചേമ്പ്. ടാരോ എന്ന് അവരു വിളിക്കും. പിന്നൊരു കൊട്ടേല്‍ പച്ചവാഴക്ക, കുഞ്ഞുള്ളി. എന്നു വേണ്ട കേരളത്തില്‍ ഒരു പച്ചക്കറികടയില്‍ മാത്രം കാണുമെന്നു പ്രതീക്ഷിക്കുന്ന പല സാധനങ്ങളും അവിടെ കാലിമ്മെ കാല് കേറ്റിവച്ചങ്ങനെ ഇരികുന്നു. ഒരു മാതിരി തായത്തെ വീട്ടിലെ മാധവ്യേച്ചീനെ പാഡിംഗ്ടണ്‍ റെയില്വേസ്റ്റേഷനില്‍ വച്ച് കണ്ട പോലത്തെ അമ്പരപ്പും ആഴ്ചര്യവും കൗതുകവും ഒകെയായിരുന്നു. അതുകഴിഞ്ഞ് ഒരു ടീബ്രേക്കിനിടയിലെപ്പോഴോ ഈ 'കേരള ഇന്‍ ബിലാത്തി' സംഭാഷണത്തിനിടയ്ക്ക് കയറി വന്നു, കൂടെയുള്ളത് നടാഷ. ജപ്പാന്‍കാരി. ടാരോയും കസാവയും ഒക്കെ കേട്ടപ്പോള്‍ ആ കുട്ടീടെ ആകെപ്പാടെ ഇത്തിരിപ്പോരം മാത്രമുള്ള കണ്ണുകളും വിടര്‍ന്നു. കപ്പേം ചെമ്പുമൊക്കെ അവരുടേം സ്ഥിരം ഐറ്റംസ് ആണത്രേ. ചൈനീസ് ജാപ്പാനീസ് ഹവായ്ന്‍ അടുക്കളകളിലെ സ്വന്തം ആള്‍ക്കാര്. പക്ഷെ കക്ഷിക്ക് റെസിപ്പി ഒന്നും വല്യ പിടിയില്ല. ജപ്പാന്‍കാരിയാണെനേ ഉള്ളൂ, യൂ.കേ ആയിരുനു സ്ഥിര തട്ടകം. എന്തായാലും ഞാന്‍ നമ്മടെ ചേമ്പ് പുഴുങ്ങീതിന്റെം കുഞ്ഞുള്ളീം കാന്താരീം ഉടച്ച ചമ്മന്തീടേ അതീവരഹസ്യമായ ആ കേരളാ റെസിപ്പി ആ കുട്ടിക്ക് കൈമാറി. പകരം വീട്ടീന്ന് ആരോടെങ്കിലും ചോദിച്ചിട്ട് അവരുടെ വിഭവങ്ങള്‍ടെ റെസിപ്പി എനിക്കും കൊണ്ടെത്തരാമെന്നു പറഞ്ഞിരുന്നതാ. പിന്നെ ഞാനും മറന്നു. ആ കുട്ടീം മറന്നു.
കുറെകാലം കൂട് ചേമ്പിനെ കടയില്‍ കണ്ടപ്പോ നടാഷയെ ഓര്‍മ്മ വന്നു, നടാഷ പറഞ്ഞ ടാരോ-ടപ്യോക പുഡ്ഡിംഗും ഓര്‍മ്മവന്നു. എന്നാ പിന്നെ അതില്‍ തന്നെ അക്രമം അഴിച്ചു വിട്ടെക്കാമെന്ന് ഉറപ്പിച്ച് അങ്കം തുടങ്ങി. അങ്ങനെ ടാരോ-ടപ്യോക പുഡ്ഡിംഗിലെ ടപ്യോകേനേ മധുരക്കിഴങ്ങ് വച്ച് റീപ്ലേസ് ചെയ്ത് അവിടെം ഇവിടെം ഒക്കെ കുറച്ചു മാറ്റി അത്ന്റെ കൊച്ചുത്രേസ്യന്‍ വേര്‍ഷന്‍ ഉദയം കൊണ്ടു.
ദേ ദിങ്ങനെ:
കുറച്ച് ചേമ്പും മധുരക്കിഴങ്ങും എടുത്ത് മൈക്രോവേവില്‍ വേവിക്കാന്‍ വെയ്ക്കുക. രണ്‍റ്റിന്റേം തൊലിയൊക്കെ കളഞ്ഞ് ചേമ്പിനെ സമാന്യം വല്യ കഷ്ണങ്ങളാക്കി മുറിച്ചു വെയ്ക്കുക. വെന്ത മധുരക്കിഴങ്ങിനെ യാതൊരു മയവുമില്ലാത്തെ ഇടിച്ചു പൊടിച്ചു മാഷ് ചെയ്യ്. ന്നിട്ട് അടുപ്പത്ത് ആദ്യം ശര്‍ക്കര ഉരുക്കി, തേങ്ങേടെ രണ്ടാം പാലും മൂന്നാം പാലും ചേര്‍ത്ത് ഈ മധുരക്കിഴങ്ങിനെ അതിലിട്ട് കുറുക്കു പരുവത്തിലാക്കണം. കൂടെ കുറച്ച് റാഗിയും ചേര്‍ത്തോ. നല്ലോണം കുറുകും. എന്നിട്ട് അതിലേക്ക് ചേമ്പ്നിന്‍ കഷ്ണങ്ങളിട്ട് ഇളക്കി, തെങ്ങേടെ ഒന്നാം പാലൊഴിച്ച് ഒന്നു തിള വന്നു കഴിയുമ്പോള്‍ ഓഫാക്കണം. എന്നിട്ടെന്താ.. ഒരു സ്പൂണുമെടുത്ത് അതിലെക്ക് ഒറ്റ ചാട്ടം ചാടിക്കോ. ഹല്ല പിന്നെ.
ഇടയ്ക്കു വല്ലോം കറുമുറ കടിക്കണം എന്നുണ്ടെങ്കില്‍ തെങ്ങാക്കൊത്ത്/കടലപ്പരിപ്പ്.കശുവണ്ട് നെയ്യില്‍ വറുത്തതോ അല്ലെല്‍ നിങ്ങടെ ഭാവനയ്ക്കനുസരിച്ച് എന്തെങ്കിലുമൊക്കെയോ അതിലെക്ക് ചേര്‍ക്കാം