നമ്മടെ കോയിക്കോട് വല്യങ്ങാടി ഭാഗത്ത് ചുമട്ടുകാരുടേം മറ്റും ഒരുകാലത്തെ എനർജി ഡ്രിങ്കായിരുന്നൂത്രേ ഇദ്ദേഹം. ജീവിതഭാരോം ചുമന്നു നടക്കുന്നവർക്കായി അതിനെ ഒന്നു റീ-റിലീസ് ചെയ്യാൻ ഒരു ശ്രമം നടത്തി നോക്കി. എന്തായാലും സംഭവം എനിക്കു പെരുത്തിഷ്ടപ്പെട്ടു. പെട്ടെന്നുണ്ടാക്കാം, അതിനുമ്മാത്രം വി.ഐ.പി ഇങ്രേഡിയന്റ്സൊന്നും വേണ്ട, പെട്ടെന്നു കുടിച്ചു/കഴിച്ചു തീർക്കാം, കുറഞ്ഞസമയം കൊണ്ട് കൂടുതൽ എനർജി കിട്ടും അങ്ങനെയങ്ങനെ..
ദാ. ഇങ്ങനെയാണ് സംഭവം ഉണ്ടാക്കീത്.
ഇത്തിരി പൊരികടലേം കശുവണ്ടീം ബദാമും (ശരിക്കും, കൊറിച്ചോണ്ടു നടക്കുന്ന കപ്പലണ്ടിയാണ് ഇതിനുപയേഗിക്കേണ്ടത്. എന്റേല് അതില്ലായിരുന്നു.) ചെറുതായി ഒന്നു ക്രഷ് ചെയ്യുക. പണ്ടൊകെ മുറുക്കാനിടിയ്ക്കുന്ന ആ ഒരു കുഞ്ഞി സെറ്റപ്പില്ലേ അതാണിതിനു ബെസ്റ്റ്. അമ്മാതിരി മോഡേൺ എക്വിപ്മെന്റ്സ് ഒന്നും ഇല്ലേൽ മിക്സീലിട്ട് ഒന്നു കറക്കിയെടുത്താൽ മതി. അതിലേക്ക് രണ്ടു മൂന്നു രസകദളിപ്പഴവും (ഇതില്ലേൽ ഉള്ള പഴം ഉപയോഗിക്കാം. ) മധുരത്തിനനൌസരിച്ച് ശർക്കരേം പിന്നെ കൂടി ഇട്ട് ചതയ്ക്കുക. അതിലേക്ക് കുറച്ച് അവൽ ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് സ്പൂണും കൊണ്ട് നന്നായി അടിച്ചു ചേർക്കുക. ഒരു രസത്തിന് ഞാനിത്തിരി ഹോർലിക്സും കൂടി ഇട്ടു. അപോ അവൽ മസിലൊക്കെ ഒന്ന് അയച്ച് നന്നായി ഒതുങ്ങി ദ പടത്തിൽ കാണുന്ന കോലത്തിലാവും. ഇനി അതങ്ങ് വലിച്ചു കുടിച്ചിട്ട് അല്ലെൽ കോരിത്തിന്നിട്ട് ചുണ്ടു തുടച്ചങ്ങു പ്രഖ്യാപിക്കുക.
“അവലുംവെള്ളം ഈസ് ദ സീക്രട്ട് ഓഫ് മൈ എനർജി” എന്ന്
(Source)