കഡി
നമ്മടെ കാളന്റെ നോര്‍ത്തി-സഗോദരനാണ്. തേങ്ങ അരച്ചതിനു പകരം കടലമാവിടും . ഈ
കഡിക്ക് പ്രാദേശികമായി പല വ്യത്യാസവുമുണ്ടു കേട്ടോ. ഗുജറാത്തി കഡി,
പന്ചാബി കഡി ഒകെ തമ്മില്‍ ചെറിയ മാറ്റങ്ങളുണ്ട്. സിന്ധി കഡി ആണെങ്കില്‍
തൈരേ ഇല്ല. പകരം പരിപ്പ് വേവിച്ച് ഇടുകയാണു ചെയ്യുന്നത്. അതിനു
കാളനേക്കാള്‍ സാമ്യം നമ്മടെ സാമ്പാറീനോടായിരിക്കുംന്നു തോന്നുന്നു.
ഞാനിപ്പോ ഇത്രെം മഹാഭാരതം ഇവിടെ പറഞ്ഞതെന്തിനാന്നു വച്ചാല്, ഞാനീ
ഉണ്ടാക്കിയ കഡി ഏതു നാട്ടുകാരുടെ കഡി ആണെന്ന് എനിക്കറിയില്ല എന്ന സത്യം
അറിയിക്കാനാണ് :-D
കഡീനെ ഉണ്ടാക്കീത് ഇങ്ങനെ:
നോണ്‍സ്റ്റിക്ക്
പാനില്‍ ഇത്തിരി എണ്ണയൊഴിച്ച് ശകലം ഉലുവയും ജീരകവും കടുകും കറിവെപ്പിലയും
ഇട്ട് എല്ലാം നല്ല കലിപ്പിലാവുമ്പോള്‍ ഒരു 3-4 സ്പൂണ്‍ കടലമാവിട്ട്
ഇളക്കിയെടുക്കുക. ആദ്യത്തെ ആ മസിലുപിടുത്തമൊക്കെ പോയി പച്ചമണമൊക്കെ മാറി
ഒന്നു മര്യാദയ്ക്കാവുന്നതു വരെ ഇളക്കിയാല്‍ മതി.ന്നിട്ട് ഇത്തിരി മഞ്ഞള്‍
പൊടിയും മുളകുപൊടിയും ഇട്ട് ഇളക്കി കുറച്ച് വെള്ളവുമൊഴിച്ച് എല്ലാം കൂടെ
മിക്സ് ചെയ്യുക. ഇതിലേക്ക് ഉപ്പും ഒരു കപ് തൈരും (കട്ടയൊക്കെ പൊട്ടിച്ച്
ഇട്ടോണം ) ഇട്ട് ഒന്നു തിളച്ചു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്തോ. ഇനി ധൈര്യമായി ആ
ഉണ്ടായ സാധനത്തിന്റെ മുഖത്ത്തു നോക്കി 'കഡീ..' എന്നു വിളിക്കാം .
പക്കോഡാ
മേക്കിംഗിലെ ഏറ്റോം വല്യ വെല്ലുവിളി എണ്ണ തൊടാതെ അതിനെ എങ്ങനെ ക്രിസ്പി
ആക്കി എടുക്കാം എന്നതായിരുന്നു. ആ വെല്ലുവിളിയില്‍ ഞാന്‍ മനോഹരമായി
പരാജയപ്പെടുകയും ചെയ്തു. ക്രിസ്പി ഒന്നും ആവാതെ നല്ലോണം സ്പോന്ചി ആയ പക്കോഡ
ആണു ഉണ്ടായി വന്നത്. ങാ പോട്ട്. അല്ലെലും ലുക്കിലൊന്നും ഒരു
കാര്യവുമില്ലാ, ടേസ്റ്റിലാണൂ കാര്യം എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ.(എന്നു
വച്ച്, എണ്ണ തൊടാതെ ഈ സംഭവത്തെ ക്രിസ്പി ആക്കാന്‍ വല്ല വഴിയും അറിയുന്നവര്‍
മടിച്ചു നില്ക്കാതെ ആ വിദ്യ പങ്കുവെയ്ക്കണം കേട്ടോ)
നമ്മടെ ബജീടെ മുളകില്ലേ, അതും കാരറ്റും ലോക്കിയും(bottle gourd) തീപ്പെട്ടിള്ളീടെടെ കോലത്തില്മുറിച്ച് (Julienne (http://frenchfood.about.com/od/frenchcookingtechniques/ss/julienne.htm)
എന്ന് സായിപ്പു പറയുമ് ) കുറച്ച് കടലമാവും (ഞാന്‍ ഗോതമ്പും ചേര്‍ത്ത് ,
എന്റെ കടലമാവ് തീര്ന്നു പോയാരുന്നു) മുളക്,മല്ലി,ജീരക,മഞ്ഞള്‍ പൊടീസ്
ചേര്ത്ത്, ഉപ്പുമിട്ട് നന്നായി മിക്സ് ചെയ്യണം . വേണമെങ്കില്‍ ശകലം വെള്ളം
ചേര്തോ. നല്ല തിക്ക് ആയിരിക്കണമ്. ഒരു മാതിരി മഴവെള്ളം പോലെ ഒലിക്കുന്ന
പരുവത്തിലാവരുത്. അതിനെ ഓരോ പിടി വാരിയെടുത്ത് കൈയില്‍ മൈലാന്ന്ചി ഇടുന്നതു
പോലെ പ്ളേറ്റില്‍ അവിടിവിടെയായി പറ്റിച്ചു വച്ച് മൈക്രോവേവിനു വിട്ടു
കൊടുക്കുക. ആയി..അമീബയുടെ ഷേപ്പിലുള്ള പക്കോഡകള്‍ ഇതാ റെഡിയായിക്കഴിഞ്ഞു.
ഇത്തറേയുള്ളൂ കാര്യം .
(കൊച്ചു ത്രേസ്യ)