റെഡ് ചില്ലി ചിക്കന്‍
ചിക്കന്‍ മസാലയും മഞ്ഞളും ചേര്‍ക്കാതെയുണ്ടാക്കുന്ന ചിക്കന്‍ കറി.
ആവശ്യമുള്ള സാധനങ്ങള്‍
1 കോഴിയിറച്ചി 1 കിലോഗ്രാം
2 ഉണക്കമുളക് ഒരു പിടി(തീരെ പൊടിഞ്ഞുപോകാതെ നുറുക്കുപാകത്തില്‍ പൊടിച്ചത്)
3 തേങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയത് 1കപ്പ്
4 സവോള നനുക്കെ അറിഞ്ഞത് 4 എണ്ണം
5 തക്കാളി മൂന്നെണ്ണം(മിക്‌സിയില്‍ അടി്ച്ച് ജ്യൂസ് പരുവത്തിലാക്കുക)
6 വെളുത്തുള്ളി-10 അല്ലി
ഇഞ്ചി ഇടത്തരം കഷണം ഒന്ന്
7 കറുവപ്പട്ട മൂന്ന് കഷണം ചെറുത്
ഗ്രാമ്പൂ 2 എണ്ണം
ഏലയ്ക്ക 1
വലിയ ജീരകം- 1 ടേബിള്‍ സ്പൂണ്‍
8 കുരുമുളക് പൊടി- 3ടേബിള്‍ സ്പൂണ്‍
9 മല്ലിയില ഒരു പിടി(നന്നായി ജ്യൂസ് ആക്കിയത്)
10 കറിവേപ്പില 2കതിര്
11 ഉപ്പ് ആവശ്യത്തിന്
12 വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആറാമത്തെ ചേരുവകള്‍ നന്നായി ചതച്ച് പേസ്റ്റാക്കുക, ഏഴാമത്തെ ചേരുവയും നന്നായി പൊടിച്ചുവയ്ക്കുക. ചിക്കന്‍ കഷണങ്ങളില്‍ അല്‍പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് കുഴച്ച് മാറ്റിവയ്ക്കുക.
കുക്കര്‍ ചൂട്ടാക്കി വെളിച്ചെണ്ണയൊഴിച്ച് വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ഇട്ട് മൂപ്പിയ്ക്കുക, പകുതി മൂപ്പാകുമ്പോള്‍ തേങ്ങാക്കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക, തേങ്ങ ഇളം ചുവപ്പ് നിറമാകുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ത്ത് വീണ്ടും ഇളക്കുക.
ഇവയുടെ പച്ചമണം മാറുമ്പോള്‍ അരിഞ്ഞുവച്ച സവോള ചേര്‍ത്ത് നന്നായി വളറ്റുക, ഒപ്പം മുളക് നുറുക്കും ചേര്‍ക്കുക. സവോള നന്നായി വഴന്ന് കഴിയുമ്പോള്‍ തക്കാളി ജ്യൂസും ഉപ്പും ചേര്‍ക്കുക ഈ ഗ്രേവി നന്നായി തിളച്ചശേഷം മാറ്റിവയ്ക്കുക.
ഇതേ കുക്കറില്‍ ചിക്കന്‍ കഷണങ്ങള്‍ നിരത്തി വച്ച് അതിന് മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവിയും നേരത്തേ തയ്യാറാക്കിവച്ച മല്ലിയില ജ്യൂസും കറിവേപ്പലയും ചേര്‍ക്കുക.
കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് അടുപ്പിന്റെ തീ കുറച്ചിടുക. രണ്ട് വിസില്‍ വന്നുകഴിഞ്ഞ് മാറ്റിവയ്ക്കാം
ആവി പോയി കുക്കര്‍ തുറന്നശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളില്‍ അല്‍പം വെളിച്ചെണ്ണയും ഒഴിച്ച് വിളമ്പാം.
മേമ്പൊടി
ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ കറിയ്ക്ക് പ്രത്യേക രുചി ലഭിയ്ക്കും, മാത്രമല്ല ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ രണ്ട് ടീസ്പൂണ്‍ ചിക്കന്‍ മസാലയും ആവശ്യത്തിന് മഞ്ഞളും ചേര്‍ക്കാം. കോഴിയുടെ വേവിനനുസരിച്ച് വിസിലിന്റെ എണ്ണവും സമയവും നിശ്ചയിക്കാം.
ഗ്രേവിയില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കില്‍ കറിയില്‍ വേറെ വെള്ളം ചേര്‍ക്കേണ്ടതില്ല. അതല്ല തീരെ കുറുകിയിരുക്കുകയാണെങ്കില്‍ ഒരു കപ്പ് വെള്ളംചേര്‍ക്കാം