മഴയും നനഞ്ഞ് വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ നല്ല ചക്കപ്പഴത്തിന്റെ മണം. ആ
പരിസരത്തെല്ലാം കൂഴച്ചക്ക മാത്രം. ആര്‍ക്കും വേണ്ടാതെ വീണു ചീയുന്നു.
ന്നാലും ചക്ക ഫാമിലീല്‍ പെട്ടതു തന്നല്ലേ, അങ്ങനെ തഴഞ്ഞു കളയാന്‍ പാടുണ്ടോ
എന്ന സഹതാപത്തോടെ തലച്ചോറു പ്രവര്‍ത്തിപ്പിച്ചു നോക്കി. കൂഴച്ചക്ക
വച്ച് എന്തേലും ഒരു വിഭവമുണ്ടാക്കി- അതും സാധാരണ അട,പെട,ചക്കവരട്ടിയൊന്നുമല്ലാതെ-
അതിനെ ജനപ്രിയമാക്കണം. തലയില്‍ ബള്‍ബിട്ട പോലെ തെളിഞ്ഞത് ഞങ്ങ
കണ്ണൂക്കാരുടെ സ്വന്തം കലത്തപ്പം (ഗ്ലും ഗ്ലും). ചക്കക്കെന്താ
കലത്തപ്പത്തിനകത്തു കേറിയിരുന്നാല് എന ചോദ്യം അവസാനിച്ചത് ഈ വിഭവത്തിലാണ്.
ഉണ്ടായ വഴി:
പച്ചരി
(ബിരിയാണി അരിയാ ഒന്നൂടെ നല്ലത്) നന്നായി കുതിര്‍ത്ത് ശകലം ചോറും
ഏലയ്ക്കായും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിനകത്തേക്ക് ചക്ക
അരച്ചതും ശര്‍ക്കര ഉരുക്കിയതും (മധുരത്തിനനുസരിച്ച്) ശകലം ഉപ്പും
സോഡാപ്പൊടിയും പിന്നെ ഇത്തിരി നെയ്യില്‍ മൂപ്പിച്ച തേങ്ങാക്കൊത്തും
ചുവന്നുള്ളിയും ചേര്‍ക്കുക (ഇതു പിശുക്കാതെ ലാവിഷായി ഉപയോഗിച്ചോ). ഇത്
ഏകദേശം വട്ടയപ്പത്തിന്റെ അയവില്‍ കലക്കണം. ന്നിട്ട് ഒരു പ്രഷര്‍കുകറില്‍
എണ്ണ തടവി(ഇല്ലേല്‍ എല്ലാം കുക്കറിന്റെ ഭിത്തിയില്‍ നിന്നും മാന്തിയെടുത്തു
തിന്നേണ്ടി വരും) ഈ കൂട്ട് അതിലേക്കൊഴിച്ച് മുകളില്‍ പിന്നേം കുറെ
ചെറിയുള്ളി-തേങ്ങാക്കൊത്ത് മൂപ്പിച്ചത് വിതറി വെയ്റ്റ് ഇടാതെ ചെറുതീയില്‍
ഒരു ഇരുപതു മിനിട് വേവിക്കുക. (ഈ സമയത്ത് മൂക്കു കൊണ്ടു പോയി അടുക്കളയില്‍
വച്ചാല്‍ ചുവന്നുളീടെ ഹൃദ്യമായ സുഗന്ധം പിടിച്ചെടുക്കാം). നന്നായി തണുത്തു
കഴിഞ്ഞേ തുറക്കാവൂ. അതിനെയെടുത്ത് പ്ലേറ്റിലെക്കിട്ട് ഇഷ്ടമുള്ള ഷേപ്പില്‍
മുറിച്ചെടുക്കുക. (സീക്രട്ട്- എനിക്കതിന്റെ ഏറ്റോം അടിയിലത്തെ ആ കട്ടി കൂടി
മൊരിഞ്ഞിരികുന്ന ഭാഗമാണ് ഏറ്റോം ഇഷ്ടം. ദാ പടത്തില്‍ മുകളില്‍ കാണുന്ന
ഭാഗം)
എന്റെ ഈ കലത്തപ്പത്തിന്റെ ടെക്സ്ചര്‍ വിചാരിച്ചത്ര
ശരിയായില്ല. ശരിക്കും ഇതിന്റെ ഫ്ലഫി ആയ ഭാഗം പാളി പാളിയായി വരേണ്ടതാണ്.
ഏതാണ്ട് കേക്കിനും അടക്കും ഇടയിലുള്ള ടെക്സ്ചര്‍. ഞാന്‍ കലക്കിയതില്‍
വെള്ളം കുറഞ്ഞു പോയതാണ് ഇതിനു കാരണം എന്ന് പിന്നീടു നടത്തിയ
വിദഗ്ദാന്വേഷണത്തില്‍ തെളിഞ്ഞു. ഇതുണ്ടക്കാന്‍ പോവുന്നോര് ഇതൊന്നു
ശ്രദ്ധിച്ചാല്‍ കൊള്ളാം.
(കൊച്ചു ത്രേസ്യ)