സ്പൈസി വെജ് റോൾ..
എന്റെ അടുക്കളയിലെ ഒരു സ്ഥിരം പ്രൊഡക്ട്. ഒരു അലുമിനിയം ഫോയിലിൽ പൊതിഞ്ഞങ്ങെടുത്താൽ യാതൊരു അലമ്പുമില്ലാതെ കഴിക്കാം. എവിടെലും ചുറ്റിക്കറങ്ങുകാണെങ്കിലോ, ബസിലിരുന്നോ, ഓഫീസിലിരുന്നോ ഇനി അതൊന്നുമല്ല വല്ലോം വായിച്ചോണ്ട് കട്ടിലിൽ ചുരുണ്ടു കിടക്കുകയാണെങ്കിലും നല്ല നീറ്റായി കഴിക്കാൻ പറ്റും. നല്ലോണം ഫില്ലിംഗും ആണ്. പിന്നൊരു കാര്യം. കഴിച്ചു കഴിഞ്ഞാൽ ഒരു രണ്ടുമൂന്നു കുപ്പി വെള്ളം കുടിക്കേണ്ടി വരും. അതും ഞാനും മുളകും തമ്മിൽ ജന്മാന്തരങ്ങളായുള്ള പ്രേമം കൊണ്ടാണ്. നിങ്ങക്കങ്ങനെ പ്രത്യേകിച്ചു പ്രേമമൊന്നുമില്ലെങ്കിൽ എരിവ് ഇത്തിരി മയത്തിലിട്ടാൽ മതി.
ഇതിന്റെ ഫില്ലിംഗ് മനോധർമ്മം പോലെ എന്തുമാകാം. ഫ്രിഡ്ജിൽ ബാക്കിയിരിക്കുന്ന പൂർവകാല കറികളെയും ഇതിൽ വലിച്ചു കേറ്റാം. ആരും ചോദിക്കാൻ വരില്ല. ഞാനിപ്പോ ചെയ്തത് കാബേജ്, ബജീടെ മുളക്,കാരറ്റ്, ബീറ്റ്‌റൂട്ട്, കാപ്സിക്കം,സവാള ഒക്കേം കുറച്ചു കുഞ്ഞുകുഞ്ഞായും കുറച്ചു നീളത്തിലും അരിഞ്ഞ് നോൺസ്റ്റിക്കിലിട്ട് വഴറ്റി നിറയെ മസാലപ്പൊടികളും രണ്ടുമൂന്ന് തക്കാളിയും ഇത്തിരി നാരങ്ങാനീരും ഒരു പൊടിക്ക് ശർക്കരയും ചേർത്ത് നന്നായി കുഴകുഴാന്നാക്കിയെടുത്തു.
ഇനി ഇതിനെ തെറുത്തു നിറയ്ക്കാനുള്ള റോൾ വേണം. അതിനു നമ്മടെ ചപ്പാത്തീടെ മാവിൽ ഇത്തിരി പാലും ശകേലം മൈദയും (അതിത്തിരി റബ്ബറി ആവാനാണ്) ചേർത്ത് നന്നായി കുഴച്ച് ചപ്പാത്തിയെക്കാളും ഇത്തിരീം കൂടെ കട്ടി കൂട്ടി പരത്തി ചുട്ടെടുക്കും. ഒരുപാടങ്ങു മൊരിയണ്ട. റോളിനെ ചുരുട്ടുമ്പോൾ പൊട്ടിപ്പോകും. ഇങ്ങനെ ആയ ചപ്പാത്തിയിൽ മോളിൽത്തെ ഫില്ലിംഗ് വച്ച് തെറുത്ത് റോളാക്കി ടിഫിൻ ബോക്സിന്റെ വലിപ്പത്തിനനുസരിച്ചു മുറിച്ച് അലൂമിനിയം ഫൊയിലിൽ പൊതിഞ്ഞ് അങ്ങെടുക്കുക. പണി കഴിഞ്ഞെന്നേ..
(കൊച്ചു ത്രേസ്യ)